പേജുകള്‍‌

2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

( പണയം )

പഴുതടച്ചിന്നലെ പൂര്‍വികര്‍ ബന്ധിച്ച
പടി തുറന്നമരത്തു കാവല്‍ നിന്നോര്‍
പതിയിരുന്നിറയത്തു വാ പിളര്‍ന്നൊരു കഴുകന്‍
അതിലെവന്നവനെന്റെ കരളറുത്തു
വിരുതു വിറ്റവനെറിയു മൊരു പൊടിക്കാശിന്നു
പണയമാണത്രെ  ഞാന്‍ അന്ന് തൊട്ടേ !

പിടിമുറുക്കീടാന്‍ പടിഞ്ഞാറ് നിന്നുമാ
പഴയ പൂതങ്ങള്‍ കിതച്ചെത്തി പിന്നെയും
കൃത്രിമത്വങ്ങള്‍ കിതച്ചു നായാടുന്ന
പതിത മൊരു  ലോക ക്രമത്തിന്റെ സൃഷ്ടികള്‍ !
പരസഹായക്കുരുക്കിന്റെ വന്‍ കട...
ക്കെണിയെറിഞ്ഞെന്നെ വേട്ടയാടുന്നിതാ

നുരപതക്കുന്ന പുതിയ പാല്‍കുപ്പി തൊ...
ട്ടരി ,പയര്‍ ,കോള ,പെപ്സി,ചീസ് എവിടെയും
പ്രണയ കേളീ മടത്തില്‍ മദാലസ ..
മദനമാടുന്ന ചാനല്‍ പുറങ്ങളില്‍
രതി രസത്തിന്റെ വെബ്ബില്‍ ,വയാഗ്രയില്‍ ,
പതിയിരിക്കുന്നു പേസ്റ്റിന്റെ ചിരികളില്‍ !

മധുരമുരയുന്ന പൊതിയില്‍ ചുയിഗമായ്
ചതികളലിയും കിടാവിന്റെ വായയില്‍
മരണ മുരുളുന്ന ടയറില്‍ ,വിനാശമായ്
സിരയിലെരിയും മരുന്നിന്റെ തരികളില്‍
അധരമുരസുന്ന വര്‍ണ്ണങ്ങളില്‍ ,സ്ത്രെയ്‌ണ
സ്തന മുരുട്ടുന്ന പുതിയ യന്ത്രങ്ങളില്‍

മുടി പറിക്കുന്ന കൊടിലില്‍ കഷണ്ടിക്ക്
മുന മുളക്കുന്ന വിഗ്ഗിന്റെ മറകളില്‍
മാറിടം പറ്റിക്കിടക്കും കുരുന്നിനെ
മടിയിറക്കുന്നുന്തു മാറാപ്പു വണ്ടിയില്‍
ചുളിവില്‍ അവരിന്നും ഉലക് വാഴുന്നു
പാഴ്ചെളിയിലമാരുന്നു പുതിയ കാലങ്ങളും

എവിടെയെന്നാര്‍ഷ ഭാരതം?
നീതിക്ക് ശരമേറ്റ്‌ പിടയുന്ന ക്രൌഞ്ചം !
ഓംകാര മന്ത്രങ്ങള്‍ അലിവിനെ കാണിച്ച
വാത്മീക വേദങ്ങള്‍ എവിടെ മണ്ണില്‍ ?
ഗോഡ്സെയാണ മരത്ത്  ,ഇന്നെന്റെ കാല്‍ ചോട്ടില്‍
അലയുന്നു ഗാന്ധി തന്‍ പൈതൃകങ്ങള്‍  !
ഇവിടെയെന്‍ ആശകള്‍ വില പേശി വാങ്ങുന്ന
കപട വേഷങ്ങളാ നെന്റെ ചുറ്റും
വരിക വീണ്ടും നയിക്കുക വിപ്ലവം,
ക്വിറ്റിന്ത്യ വീണ്ടും മുഴക്കുക ദണ്‍ടിയില്‍ പോവുക ,
നാം ഒന്ന് ചെര്‍ന്നുപ്പായി മാറുക !!
                           -ഉസ്മാന്‍ പാണ്ടിക്കാട് -
                             0564283654
                             veem143@gmail.com





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ