പേജുകള്‍‌

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

(മെഴുകുതിരി )


മെഴുകുതിരി
സ്വയം കത്തിയമര്‍ന്ന്
താഴെ
തുള്ളികളായി
അടയാളപ്പെട്ടു
ഇരുട്ടിന്‍റെ  മാറ് പിളര്‍ത്തി
കണ്ണുകള്‍ക്ക്‌ വഴികാട്ടിയതിന്‍റെ
അക്ഷരങ്ങള്‍
ഓരോ തുള്ളികളില്‍ നിന്നും
കാലം വായിച്ചെടുത്തു .
അപ്പോഴും
ഒരു ദുഃഖം ബാക്കി കിടന്നു ..
തന്‍റെ അസ്ഥിത്വം
ചൊര്‍ന്നു പോയത്
ഒരു കണ്ണുകള്‍ക്കും
കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് !!

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

(ജന്‍മി )

അതിരുകള്‍ വരച്ച് ആറ് സെന്റിന്‍റെ
ആധാരത്തില്‍ ഞാനും
ഇന്നൊരു ജന്മിയാണ് .
ഇനി,കിളച്ചും വരച്ചും മതില്‍ വെച്ചും
അതിര് തിരക്കിയും
പുതിയ അടയാലപ്പെടുത്തലുകളുടെ
കാലമാണ് .
ഒരു ചരിത്രപ്പെടലോളം വരെ!
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒട്ടേറെ പൂര്‍വികരുടെ
അടിയാധാരത്തിലും ഇത്
സാക്ഷ്യപ്പെട്ടു കിടപ്പുണ്ട് !
എന്നാല്‍ നാളെ ....
മറ്റാരുടെയോ ദാഷ്ട്യത്തിന്
കാത്തുകിടക്കുകയാണ് ഇത് .
അവകാശം അന്യപ്പെട്ട
എനിക്കോ,
അന്യന്‍റെ ഔദാര്യമുണ്ടെങ്കില്‍
ആറടിയും!!

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

(മണ്ണ് )

മണ്ണില്‍ നിന്നായിരുന്നു തുടക്കം
ഏതോ
ഇലകളില്‍,പൂക്കളില്‍,കായ്കളിലൂടെ......
വസന്തം
അതിരിലെത്തിയപ്പോള്‍
വളര്‍ച്ച....വിളര്‍ച്ചയിലേക്ക്
കൂറ്മാറി.പിന്നെ പരിഹാരത്തിന്‍റെ
ഹേമന്തമായിരുന്നു .
തിമിരം കണ്ണട കൊട് കീഴടക്കി.
കഷണ്ടി വിഗ്ഗ് കൊണ്ടും ,
തളര്‍ച്ച വീല്‍ ചെയറിന്
കീഴ്പ്പെട്ടു .
പുതിയ ഡയഫ്രമാണ് കാതിനെ
സഹായിച്ചത്
ഒടുവില്‍
സഹായത്തിനെത്തിയവരെ
സഹായിക്കേണ്ട
ഊ ഴമെത്തിയപ്പോള്‍
സഹായത്തിന്മണ്ണ് തന്നെ വേണ്ടി വന്നു!!

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

( ജമീല്‍ ഓര്‍മയില്‍ )SONG

മലയാളികളുടെ ഇശലിന്‍ ഓര്‍മ്മയില്‍
ജീവിക്കുന്നു"ജമീല്‍"ഇന്നും
മലയാളത്തിന്‍ കാവ്യ പദങ്ങളില്‍
ജനിതക മുത്തുകള്‍ അവര്‍ തന്നു
മൌലാനയില്‍ നിന്നോമല്‍ പുത്രന്
കിട്ടീ കലയുടെ കൈത്തിരികള്‍
മലയോളം മടിയുള്ളവനെങ്കിലും
അവര്‍ തെളിയിച്ചാ നാളങ്ങള്‍

ചില ചോദ്യങ്ങള്‍ എറിഞ്ഞു ചിന്തയില്‍
ചുളിവുകള്‍ വീണു സമൂഹത്തില്‍
പല വാദ്യങ്ങളിലൂടെ വിളിച്ച് പറഞ്ഞു
ജമീല്‍ അത് താളത്തില്‍
മത മുണ്ടവയില്‍ ,മത നീരസവും
അലകടല്‍,ആഴികള്‍,അഖിലാണ്ഡം
മൃതിയും,ജനനവും,അത് തീര്‍ക്കും ചില
അതിരുകള്‍,അതിലൊരു ബ്രണ്മാണ്ഡം

മണ്ണും,മലരും,പെണ്ണും,പ്രണയവും
അനവധി ചിതറിയ ചിന്തകളും
മധുര മനോഹര വിരഹ വിഷാദം
വിവരിച്ചെഴുതിയ പാട്ടുകളും
അവരെ അടുത്തറിയാനും,വായി..
ക്കാനും ഒരുത്തനുമായില്ല
ഇരവുപകല്‍ തന്നാവാസം വിട്ട
വരെങ്ങോട്ടും പോയില്ല

താനൊരു കവിയല്ലെന്നാല്‍ ഉലകിന്
കവിത വരച്ചൊരു കവിയുണ്ട്
കരയില്‍,കടലില്‍,മണ്‍ തരിയില്‍
ഈ ഭ്രമണ പഥത്തില്‍ അവനുണ്ട്‌
അവനെയറിഞ്ഞു ജമീലുരയുന്നു
അല്ലേ ഞാനൊരു കവിയല്ല,!
കവിതകള്‍ കാണും  ബ്രണ്മാണ്ഡത്തിന്‍
അധിപനതൊന്നേ കവിയുള്ളൂ !!
           (ഉസ്മാന്‍ പാണ്ടിക്കാട്)

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

(ഓര്‍മ്മയിലെ സി എച്ച്)

  (ഗാനം ...മിന്നി തിളങ്ങും മിന്നാമിനുങ്ങിന്റെ ...എന്ന രീതിയിലും ചൊല്ലാം)
മാപ്പിള മക്കളെ ഓര്‍മയിലിന്നും ജീവിക്കുന്ന മഹാ രഥ ..
കേസരി യൊന്നേയുള്ളത് സി എച്ച് ആണല്ലോ
ചെപ്പിലടച്ച്ചു കുരുക്കിയൊരിസ്സമുദായം കണ്ണ് തുറന്നത്
അത്തിരു തീപൊരി വാഗ്മയ ധ്വാരണി യാണല്ലോ

എത്ര പരീക്ഷണ ഘട്ടം നേരിട്ടെങ്കിലു മാ ചിരി മാഞ്ഞില്ലാ
ശത്രുത വെച്ചവരോടും മാന്യത വിട്ടൊരു വാക്ക് പറഞ്ഞില്ല
എന്നാലോ ചാട്ടുളി ഏറിയും പദ പ്രാസ തലങ്ങള്‍ ക്കതിരില്ല
                                         (മാപ്പിള മക്കളെ )

വീശിയടിച്ച കൊടുങ്കാറ്റലയൊലി ആയത് കെരളമാകെയും
അത്തിരു വാഗ്ദ്വനി മീട്ടിയ വിപ്ലവ നാദങ്ങള്‍
ദേശിയ രാഷ്ട്രിയ വേദികളോളം വേര് പടര്‍ന്ന് പിടിക്കാന്‍
കൈവഴി കാട്ടിയ കൈത്തിരി യാണാ നാളങ്ങള്‍
                                         (മാപ്പിള മക്കളെ )

ചത്തൊരു കുതിരയിതെന്ന ശകാരം പണ്ട് പറഞ്ഞത് നവറോജി
ഒത്തിരി ഒന്ന് മയങ്ങിയ സിംഹം ,വിട്ടു കൊടുത്തില്ലാത്മ ഗതി
ഉത്തരമെത്ര മനോഹരം ഇപ്പരുവത്തില്‍ ലീഗിന് തുണയേകി
                                           (മാപ്പിള മക്കളെ )

ഭരണ രഥങ്ങളുരുട്ടിയ കൈകളിലെങ്ങും കറ പുരളാത്തൊരു 
ചരിത മനോഹര മാതൃകയുള്ളോ രു നായകന്‍ 
മരണ ദിനങ്ങളിലോളം സേവന ഭാഗ്യം കൈമുതലാക്കിയ 
സുരഭില ജീവിത താരക മാ സഹയാത്രികന്‍ 
                                               (മാപ്പിള മക്കളെ )

രചനകളെത്ര മനോഹര ,മാ സ്വര മാധുരി രാക്കുയില്‍ രാഗങ്ങള്‍ 
വിരചിത വിപ്ലവ ചിന്തകളോ പരിവര്‍ത്തന മാര്‍ഗ്ഗ തരംഗങ്ങള്‍ 
ഒന്നല്ലാ ,പല കലയുടെ സങ്കര സാരഥിയാണാ ഭാവങ്ങള്‍ 
                                               (മാപ്പിള മക്കളെ )
                                     -  ഉസ്മാന്‍ പാണ്ടിക്കാട് -

(മുമ്പ് സി എച്ചി നെ കുറിച്ച് ഞാന്‍ എഴുതിയ ഈ ഗാനം ചില 
സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ഫൈസ് ബുക്കിലിടുന്നു ) 


2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

( കോര്‍പറേറ്റ് ഭൂതം )

തന്നിലൊതുങ്ങി ഇരുന്നു ഞാന്‍
ഇടവും വലവും  കാണാതെ
താനും, നല്ലൊരു ടിവി യു,മെന്നുടെ ..
തട്ടാനും മതി കട്ടായം !

എല്ലാം കണ്ട്‌ മറക്കാനറിയാം
എല്ലാം എഴുതി തള്ളാനും
ഇന്നലെ എന്നൊരു ലോകം കാണാ ..
ഇന്നില്‍ കാലം കളയാനും .

നാളെ നടക്ക് ണതെന്തായാലും
നാവു ചുരുട്ടി ഇരിക്കും ഞാന്‍
നേരെ ചൊവ്വെ ഒരോണം കൂടുതല്‍
ഉണ്ട് മയങ്ങണ മതു മാത്രം !

നാട്ടിലിറങ്ങിയ ഭൂതത്താന്‍
തിന്നു മുടിച്ചു പ്രദേശങ്ങള്‍
താനല്ലാത്തവര്‍ ഓരോരുത്തരെ
വരുതിയിലാക്കി വിഴുങ്ങിടവേ

തന്നിലൊതുങ്ങി ഇരുന്നു ഞാന്‍
ഇടവും വലവും  കാണാതെ
താനും, നല്ലൊരു ടിവി യു,മെന്നുടെ ..
തട്ടാനും മതി കട്ടായം !!

ഒരു നാള്‍ ഭൂതം തന്നെവിഴുങ്ങാന്‍
തലയും നീട്ടി വരും നേരം
താനല്ലാത്തവര്‍ തന്നിലൊതുങ്ങാന്‍
പോലു മൊരാളില്ലാ നാട്ടില്‍ !!
(ഹിറ്റ്ലറെ ഓര്‍മിപ്പിക്കട്ടെ)





2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

(ആവാസം )

ഓരോ ഇലകള്‍ പൊ ഴിഞ്ഞപ്പോഴും
പ്രതീക്ഷകള്‍ നല്‍കിയത്
തളിരുകളാണ്
ഉശിരും ഊര്ജവും
ആവേശമായപ്പോള്‍ 
വളര്‍ച്ച ഋതുകേറി
കര്‍ക്കടകത്തിലെ മീനവും
കുംഭത്തിലെ ഇടവവും
പുതിയ ഞാറ്റുവേല കളെ പ്രസവിച്ചു
ഇലകള്‍ക്കും ആവാസം
നഷ്ട്ടപെട്ടതറിഞ്ഞ്
കാടുകള്‍ കാടുകയറി .! 

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

(ഒട്ടകജന്‍മം )

മരുപ്രവാസത്തിലെക്കുള്ള
ഓരോ തിരിച്ചു വരവും അയാളെ
ഒരു ഒട്ടകമാക്കുകയായിരുന്നു
പ്രിയപ്പെട്ടവര്‍ക്ക്,അല്ല ..
അയാള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക്
ആദ്യമൊക്കെ അയാള്‍
ഒരു കറവമാടായിരുന്നു ,
പിന്നെ പിന്നെ അറവ്മാടായി
ഇന്ന് ....
ഒട്ടകമായി മാറിയതിനാല്‍ ,
അയാള്‍ രക്ഷപ്പെട്ടു.
മരുഭൂമിയെ അതിജീവിക്കാന്‍ കഴിയുന്ന
ജീവി!
ഇനി ഒരു തിരിച്ചുപോക്ക്
ചിന്തിക്കേണ്ടതില്ലല്ലോ?




2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

(അറബ് വസന്തം)

വസന്തം കൊതിച്ച്ചപ്പോഴും
മൌനം പെയ്യുന്ന മുറിയില്‍
നാക്ക് തടവിലായിരുന്നു
പക്ഷെ ,ഹൃദയം സംസാരിച്ചുകൊണ്ടിരുന്നു
എല്ലാം കണ്ടും കേട്ടും
കണ്ണും കാതും സാക്ക്ഷയപ്പെട്ടു
മുറിക്കു പുറത്ത്
കൊടുങ്കാറ്റ് തുടങ്ങി
ഒലീവുകൊമ്പുകള്‍ പൊട്ടിവീണു ,
വെള്ളപ്രാവുകള്‍ ഒന്നൊന്നായി
ചത്തൊടുങ്ങി !
ചുവന്ന തെരുവില്‍
ഇരുട്ട് നൃത്തം വെച്ചു .
അപ്പോഴേക്കും നാക്കിന്‍റെ ഊഴം
നഷ്ടപ്പെട്ടിരുന്നു .
കൈകാലുകളുണര്‍ന്നു ,
പിന്നെ മസിലുകളാണ് സംസാരിച്ചത്
നാക്ക് മോചിതനാവുവോളം !


2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

(ഒടുക്കം )

ആദ്യ സ്പര്‍ശം
അമ്മയില്‍ നിന്നാണ് കൊതിച്ചത്
നല്‍കിയത് പേറ്റിച്ചി ,
രുചിയുടെ തുടക്കം മുലപ്പാലാകണമെന്ന്‌ ആശിച്ചു,
അത് നിഷേധിച്ചത് അമ്മ തന്നെ.
ബോട്ടിലുകള്‍ ക്ക്.. തീരു കൊടുത്തുകൊണ്ട്,
താരാട്ടിന്‍റെ താരള്യം ..
ഡിസ്ക്കകളും ,താലോലത്തിന്‍റെ മാറിടം
ഉന്തു വണ്ടികളും ഏറ്റെടുത്തു .
പരിചരണത്തിന്‍റെ നിര്‍ഭാഗ്യം കിട്ടിയത് പരിചാരികക്ക് .
പഠനം വാര്‍ഡനിലേക്കും ,തൊഴില്‍
ഹോസ്റ്റലിലേക്കും നീണ്ടു .
പിന്നെ ഹൃദയം കൊണ്ടത്‌ ഭാര്യയിലായിരുന്നു
ഭരിക്കലിന്‍റെയും ഭരിക്കപ്പെടലിന്‍റെയും
രസതന്ത്രത്തില്‍ !
ഒടുവില്‍ അമ്മയുടെ ഊഴം വന്നു
പൊക്കിള്‍ കൊടിപ്പാട് ബാക്കി വെച്ചതിന്ന്
നന്ദി കൊടുത്തത് ബാങ്ക് ചെക്കുകലിലാണ്
പടിയടക്കും മുമ്പേ
ഞാന്‍ പടി കയറിയതിനാല്‍ ,
അവര്‍ വൃദ്ധസദനത്തിന്‍റെ
പടി തുറക്കേണ്ടി വന്നു !!


2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

(ചൂണ്ടുവിരല്‍ )

അയാള്‍ക്ക് എന്‍റെ സ്നേഹം ആവശ്യമില്ലായിരുന്നു ,
സാമീപ്യവും അയാള്‍ നിരസിച്ചു !
പിന്നെ അക്ഷരങ്ങളാണ് 
അതില്‍ അയാള്‍ തല്പ്പരനുമല്ല.!
ചൂണ്ടുവിരല്‍ ....അതായിരുന്നു ലക്‌ഷ്യം 
അതില്‍ എന്‍റെ  സ്വപ്നങ്ങളുടെ മഷിപ്പാടുണ്ടായിരുന്നു,
അയാളുടെ സിംഹാസനവും!
ഞാന്‍ അതയാള്‍ക്ക് നല്‍കി .
അനന്തപുരിയില്‍ .... 
ഇന്നയാള്‍ പള്ളിയുറക്കിലാണ് . 
അമരരങ്ങളുടെ അമരക്കാരനെന്ന അപരനാമവുമായി !
ഞാനോ....?
ഇന്നും ദയാ വധം കാത്തു കിടക്കുക തന്നെയാണ് 
പണ യത്തിലെന്ന സത്ത്യം പോലും അറിയാതെ.!

കരുണ (Song)

അന്ന് പെരുന്നാള്‍ നാളി  ലൊരുണ്ണി
നിന്ന് കരയ്‌ണ് കണ്ട്
ചെന്നരികത്തതിനെന്തേ കാര്യം
എന്ന് തിരക്കി നബി ....2

ആരുമില്ലാത്തവന്‍ ഞാന്‍
ആരറിയാന്‍ വ്യഥകള്‍ ?
ആധികള്‍ വ്യാധികളാല്‍
ആപതിച്ചീ വനിയില്‍

നൊന്ത മനസ്സിന്‍റെ ചെപ്പ് തുറക്കുണ്ണി
എന്ത് പിണഞ്ഞിന്ന് ?
ഇച്ചെറു  കണ്ണ് നിറഞ്ഞ് കവിള്
നനയ്‌ണതെന്തിന്ന്‌ ?

തോരാത്ത കണ്ണീരിനാല്‍
തീരാത്ത നൊമ്പരങ്ങള്‍
വേരറ്റു ജീവിതത്തിന്‍
തീരത്തനാഥനായ്‌ ഞാന്‍

ആരുമില്ലാത്തോക്കുണ്ടവകാശം
ഉള്ളവനുള്ളതില്‍ നിന്നും
ആശ്വസിപ്പിച്ച്ചുകൊണ്ടാനയിച്ച്ചു സ്വന്തം
വീട്ടിലേക്ക് നബി അന്ന് .
                        (അന്ന് പെരുന്നാള്‍)

(നാലാം തരത്തില്‍ പണ്ട് പഠിച്ച നബിയെക്കുരിച്ച്ചുള്ള
ഒരു പാഠ ത്തിലെ ഓര്‍മ്മയില്‍ നിന്നെടുത്തതാണ് വിഷയം )
                              -  ഉസ്മാന്‍ പാണ്ടിക്കാട് -





2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

(ബാലപാഠം)

പാഠം ഒന്ന് "വികസനം"
ഏതനില് നിന്ന്  ഏതനിലേക്ക് !
അത് ,യാത്രാ നിയോഗം 
കരുതിവേപ്പിന്റെ പണിപ്പുരയില് 
ഋതുക്കള് ചിതലരിച്ചു തുടങ്ങി 
ഗുഹയിലെ എന്റെ 'മൌന'ത്തിനാണ് 
മുനിപ്പട്ടം കിട്ടിയത്   
അത് പര് ണ്ണശാലകളില് 
ചിറക് വെച്ചു 
ശബ്ദം ഭാഷയിലേക്കും ,
ഭാഷ അക്ഷരങ്ങളിലെക്കും 
ചരിത്രപ്പെട്ടു 
അങ്ങിനെ
ശിലായുഗത്തെ ലോഹംകൊണ്ട് 
ഞാന്‍ വികസിപ്പിച്ചു 
എന്റ്റെ കരുത്തിനടിയിലെ 
മണ്ണ്‍ നീങ്ങിത്തുടങ്ങിയത് 
അന്ന് തൊട്ടായിരുന്നു
പിന്നെ ചക്രങ്ങളിലൂടെ
യന്ത്രത്തിലേക്ക് നീണ്ടു .
കൈകളേ  അവിടെ ആവശ്യമുണ്ടായിരുന്നുള്ളൂ 
ഇന്ധനത്തിന്‍റ ഊഴം വന്നു 
കൈകളുംനിര്‍ജീവമായി .
കുടുംബം വേരറ്റത് 
പരിസ്ഥിതി വികസിച്ചപ്പോഴാണ്
ആകെ ബാക്കിവന്ന കുടിലാകട്ടെ
ഹൈവേകള്‍ വികസിപ്പിച്ചെടുത്തു   

ഊര്ജ്ജങ്ങളില്‍ ഊറ്റംകൊണ്ടപ്പോള്‍ ശരീരവും 
ചിപ്പുകളിലെത്തിയപ്പോള്‍ എന്നെതന്നേയും 
എനിക്ക് നഷ്ട്ടപ്പെട്ടു
എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല 
ബാലപാഠം പോലും!!
veem143@ gmail.com  0564283654 

 

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

( ഗോവിലാപം )

വേലി തന്നെ വിളവു തിന്നുന്നത് കണ്ട്
പശു തിരിച്ചു നടന്നു
മൃഗാതുരത്വം നഷ്ട്ടപ്പെട്ട
കാലത്തെ ഓര്‍ത്താകണം അത്
ചിത്രങ്ങളിലേക്ക്
ചുമര്‍ കയറി .
തന്‍റെ അസ്തിത്വം ടിന്നുകള്‍ക്കും,
ബോട്ടിലുകള്‍ക്കും തീര് കൊടുത്തു
ഇങ്ങനെ ഒരു മൃഗം
ഗോഗുലത്തില്‍ പിറന്നതായി ..
നാളെ, കൃഷ്ണനെ പോലെ
ഐതിഹ്യത്തില്‍ വായിക്കാന്‍ !!


2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

(പൊരുളൊന്നുതേടി) song

പാരിനെ പാലൂട്ടി  ലാളിച്ചു താരാട്ടി
ഒരുപാട് ജന്മം വലിച്ചെറിഞ്ഞു
ഇരുളിന്റെയുള്ളില്‍ തളച്ചിട്ട പെണ്ണിന്‍റെ
പൊരുളൊന്നു തേടിയില്ലാരുമാരും ..... പൊരുളൊന്നു തേടിയില്ലാരുമാരും

മകളായി, ഭാര്യയായ്,അമ്മയായ്  ഉലകിന്‍റെ അമ്മൂമയായ്‌
ഞങ്ങളെന്നുമെന്നും
ഇരുളിന്റെയുള്ളില്‍ തളച്ചിട്ട പെണ്ണിന്‍റെ
പൊരുളൊന്നു തേടിയില്ലാരുമാരും ..... പൊരുളൊന്നു തേടിയില്ലാരുമാരും

മന്വന്തരങ്ങളായ്‌ മണ്ണില്‍ ചുടു നിണം
കുത്തി കുതി ചൊ ലിച്ചാഴ്‌ന്നിറങ്ങി.
കലയായ് ,കവിതയായ്‌ ,ക്യാന്‍വാസ് ചിത്രമായ്‌
കഥ തീര്‍ത്ത പെണ്ണിനെ ആരറിഞ്ഞു?...  കഥ തീര്‍ത്ത പെണ്ണിനെ ആരറിഞ്ഞു?

വേദങ്ങളില്‍ ,ആര്‍ഷ സൂക്തങ്ങളില്‍ ,മര്‍ത്ത്യ
സാഹിത്യ  തത്ത്വ പ്രബന്ധങ്ങളില്‍ ,
സീതയായ് ,മറിയമായ് ,ബല്‍കീസ് രാക്ജ്ഞിയായ്
വിരജിച്ചതാണെന്‍ പഴം ചരിത്രം !.......വിരജിച്ചതാണെന്‍ പഴം ചരിത്രം!   

പാരിനെ പാലൂട്ടി  ലാളിച്ചു താരാട്ടി
ഒരുപാട് ജന്മം വലിച്ചെറിഞ്ഞു
ഇരുളിന്റെയുള്ളില്‍ തളച്ചിട്ട പെണ്ണിന്‍റെ
പൊരുളൊന്നു തേടിയില്ലാരുമാരും ..... പൊരുളൊന്നു തേടിയില്ലാരുമാരും
                                              (ഉസ്മാന്‍ പാണ്ടിക്കാട് )

( ഗള്‍ഫുകാരന്‍റെ മകള്‍ )

ഒരു മൊബൈല്‍ ദൂരത്തില്‍ അവളെ എന്നും
ഞാന്‍ കാത്തിരുന്നു
ഋതുക്കളില്‍ ചിതലരിക്കുംബോഴൊക്കെ
ഞങ്ങള്‍ക്കിടയില്‍ സബ്സ്ക്രൈബര്‍ ഇടപെട്ടു
റൈന്‍ചിന്‍റെ കനിവുമായി
സാറ്റലൈറ്റ് എത്തുന്നത്  അവളുടെ നിദ്ര കെടുത്തി
എന്നും കളിപ്പാട്ടങ്ങളെയാണ് അവള്‍ക്കിഷ്ടം
ഓര്‍മ്മയില്‍ എന്നും ഞാന്‍
അവള്‍ക്ക് കളിപ്പാട്ടമായിരുന്നു
ആണ്ടിലൊരിക്കല്‍
കളിപ്പാട്ടവുമായെത്തുന്ന വിരുന്നുകാരന്‍ !
അഛ നോളം അല്ലെങ്കില്‍
മുത്തച്ഛനോളം
ഈ കളിപ്പാട്ടക്കാരന് ഇടമുള്ളത്
അവള്‍ക്കറിയില്ലല്ലോ?
എല്ലാ കളിപ്പാട്ടവും നിലക്കുന്ന
ഒരു ദിവസം ഒരുപക്ഷെ ,
അവളെന്നെ അറിയും!
എന്‍റെ ഇടവും!!



(മാഷില്ലാത്ത വലപ്പാട് )

കുഞ്ഞുണ്ണിയെന്നൊരു കുട്ടി മാഷ്‌
കുട്ടികള്‍ക്കെപ്പോഴും ചക്കര മാഷ്‌
പാട്ടും പാടും ,കെട്ടും പാടും
കളിയും പറയും ,പൊളിയും പറയും
കളി പറയുമ്പോ കാര്യം പറയും
പൊളി പറയുമ്പോ പലതും പറയും
മാഷില്ലാത്ത മുറിപ്പാടിന്ന്
കാശില്ലാത്ത വലപ്പാടാണെ !


                     (മോള്‍ ഫെബിയുടെ കവിത )

സാക്ഷ്യം

ആയുസ്സിലെ ഒരു ദിവസം
നഷ്ടപ്പെട്ടപ്പോഴാണ്
ഇന്ന് നേരം പുലരുന്നത്
പ്രതീക്ഷ  നഷ്ട്ടപ്പെട്ട  രാവുകള്‍ക്കും ,
കാത്തിരുന്ന  പകലുകള്‍ക്കും ഇടയില്‍...
ആരൊക്കെയോ
ജീവിച്ചതായി കാലം പകര്‍ത്തിയിട്ടു !
പ്രഭാതത്തിന്‍റെ  കലഹത്തിനും,
പ്രദോഷത്തിന്‍റെ നിശ്ശബ്ദതക്കും
നാളെ സാക്ഷി പറയാന്‍ !
എന്നാല്‍ നിയോഗം വായിക്കാന്‍ മറന്ന
എനിക്ക്, നാളെ ...
സാ ക്ഷ്യ പ്പെടുത്താന്‍ എന്താണു ണ്ടാവുക ?








2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

വിഷുപ്രവാസം

         
ഫൈസ്ബുക്കില്‍ ഞാനെന്‍ കനക നെത്രനെ 
കനികണ്ടുനര്‍ന്നീ സൌദിയില്‍ 
കണിവെള്ളരിയും കൊന്നയും സ്ക്രീനില്‍ 
കനക വര്‍ണ്ണത്തില്‍ കനികളും!
കനലെരിയുന്ന മരുവില്‍ കാരക്ക, 
കുബ്ബൂസും, ജുബ്ന, ക്വിശ്തയും
കനലില്‍ വേവുന്ന മന്തിയും പിന്നെ
തിരിയും കോഴികള്‍ പല തരം
മലയാളത്തിന്‍റെ മധുരമുരുന്ന
വിഭവങ്ങളുന്ടെന്‍" ലെപ്ടോപ്പില്‍"
മകരസംക്രാന്തി മാനത്തില്ലേലും
മരുഭുമിയിലും വിഷു വരും !
കൃഷിയും കുളിരും കുടിയിറങ്ങിയ
മലനാട്ടില്‍ വിഷു വരവുണ്ടോ? 

കൃഷിവ ലന്‍ മാരില്ലെന്നാലും എന്‍റെ
അയലത്തുണ്ടല്ലോ തമിഴന്മാര്‍.. 
ആന്ത്രയും, പിന്നെ കര്‍ണാടകയും ,
കനിയേണം ഇവിടെ വിഷു വെത്താന്‍ 

അവരാണിന്നെല്ലാ രാശിയും നോക്കി
കൃഷിയിറക്കുന്നതിവനായി
അവരുടെ കനിവും ദയവുമില്ലെങ്കില്‍
ഇവിടെ എന്തോണം വിഷു പോലും !!??
            (ഉസ്മാന്‍ പാണ്ടിക്കാട്)


2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

(പെരുമയുടെ പെരുവഴി



ആരും ശ്രദ്ധിക്കാതെ
ആള്‍ക്കൂട്ടത്തിലും അയാള്‍ ഒറ്റപ്പെട്ടു
അറിയിക്കാന്‍ കഴിവുകളില്ലെന്ന സത്യം
അയാള്‍ മാത്രം അറി ഞ്ഞില്ല !
പിന്നീട്
അപരന്‍റെ ശ്രദ്ധ പിടിച്ചു പറ്റാന്‍
കുഞ്ഞിന്‍റെ കോപ്രായങ്ങള്‍ ചെയ്ത് തുടങ്ങി
ക്ലിക്കുകളുടെ ക്ളിക്കറിഞ്ഞപ്പോള്‍
ചി ത്രപ്പണിയും !
അ ല്‍പത്തത്തിന്‍റെ ആഗോള വലയില്‍
ഇടം കിട്ടിയ ആവേശം അയാള്‍
ഫൈസ് ബൂക്കിലേക്ക് പോസ് ചെയ്തു .
ദിവസത്തില്‍ മുടങ്ങാതെ
അഞ്ചു നേരവും
അത് ആവര്‍ത്തിച്ചു .
പെരുമയുടെ പെരുവഴിയില്‍
ഒരു സപര്യ പോലെ...,
അത് തുടരുന്നു.....!






2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

( പണയം )

പൈതൃകം
പടിഞ്ഞാറി ന്‍റെ  പടി കടക്കുന്നതും നോക്കി
കിഴക്ക് മൂങ്ങകള്‍ മൂളി
പുറം തിരിഞ്ഞു നിന്ന യജമാനെന്‍റെ പിറകില്‍
ചെണ്ടയടിക്കാരും കുഴലൂത്തുകാരും
അരങ്ങ് തകര്‍ത്തു .
ആരവങ്ങള്‍ക്കിടയില്‍ ഭണ്ഡാരം കവര്‍ന്ന്
അരമന വാസികള്‍ നൃത്തം ചെയ്തു .
കൊണി ച്ചിപ്പട്ടികള്‍ വാലാട്ടി അനുഗമിച്ചു.
ഓരിയിടുന്ന  കുറുനരികളും ,
വട്ടമിടുന്ന കഴുകന്മാരും ശ്മശാനത്തിന്റെ
അരിക്പറ്റി തക്കം പാര്‍ത്തിരുന്നു .
എല്ലാറ്റിനും മൂകസാക്ഷിയായി -
പാതി മരിച്ച ശവങ്ങളില്‍
പൈതാഹം പുകയുന്നത് കണ്ട്
പകല്‍ രാത്രിയിലെക്കും,രാത്രി പകലിലെക്കും നീണ്ടു .
അമ്മയുടെ ശവശരീരത്തില്‍ അമ്മിഞ്ഞ ചുണ്ടിലാക്കി
മാറ് പറ്റി അപ്പോഴും ഒരു കുഞ്ഞ്
ബാക്കി കിടന്നു!!


2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

പഴമൊഴികള്‍

പതിരില്ലാത്തത് പഴമോഴിയത്രേ 
പറയാനുള്ളത് പല മൊഴികള്‍ 

ചോട്ടയിലു ള്ളൊരു ശീലം കൂട്ടിനു 
ചുടലവരെ എന്നുണ്ട് മൊഴി 

മെല്ലെ തിന്നാല്‍ മുള്ളും തിന്നാം 
മുള്ളുകള്‍ നീക്കുക മുള്ളാലെ

മുറ്റത്തു ള്ളൊരു മുല്ലപ്പൂവിനു  
മണ മുണ്ടാവില്ലെന്ന് ശ്രുതി 

ചാരിയതേതോ അപ്പടി നാറും 
ചാരിയതവനുടെ മേലാകെ 

ചേര കഴിക്ക് ണ നാട്ടില്‍ ചെന്നാല്‍ 
ചേരണ മെന്നത് ചൊല്ലാണ് .
ചെരാത്തവനായ് തീരുകയെന്നത് ..
ചേരും,നട്ടെല്ലവനാണ്‌ !

ഒത്തുപിടിച്ചാല്‍ മലയും പോരും 
ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും 

അപകടമാണേ അല്പ്പക്ക്‌ജഞാനം 
ആളെക്കൊല്ലും മുറി വൈദ്യന്‍ 

ആപത്തില്‍ തുണ യാകുന്നവനെ 
സ്നെഹിതനെന്നു നിനക്കാവൂ 

ആഴിക്കടിയില്‍ ആഴങ്ങളിലേ 
മുത്തും പവിഴവുമുണ്ടാവൂ 

കൈ നനയാതെ കിട്ടുകയില്ലൊരു 
മത്സ്യവു മേത് ജലത്തീന്നും 

തിയ്യി ലിരുന്ന്   കുരുത്തത് പിന്നെ 
പൊരിവെയിലത്തും വാടില്ലാ 

തിയ്യും നുണയും അല്പം മതിയത് ..
ആപത്താണെന്നറിയേണം  
       (മൊഴി മാറ്റം .ഉസ്മാന്പാണ്ടിക്കാട് )