പേജുകള്‍‌

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

തേയ്മാനം

കരയുന്ന വെഴാമ്പലോ കൂര്‍ത്ത..
ശരമേറ്റു പിടയുന്ന ക്രൗഞ്ചമൊ ?
ഉരിയരിക്കഞ്ഞിക്ക് കേഴുന്ന പൈതലേ..
താരാട്ടു പാടി ഉറക്കുന്നൊരമ്മയോ ?
സ്വപ്നങ്ങളില്‍ തനിക്കിണ കാത്തിരിക്കുന്ന
യൌവ്വനം പിന്നിട്ട യുവതിയോ?
പലിശക്കടം കൊണ്ട് മുതുവൊടിഞ്ഞുഴലുന്ന..
ജീവശ്ശവങ്ങളോ ,തെരുവ് കൊലങ്ങളോ ?
ആരെ നീ കാണുന്നു?
ആരെ നീ കാണുന്നു ധര്‍മ്മം വിളമ്പുന്ന
തത്വ ശാസ്ത്രങ്ങളേ ! നീതിപീഠങ്ങളേ ! ?
നീതിയ്ക്ക് കൈനീട്ടി അലയുന്ന ജീവനെ
പുണരുന്ന മന്ത്രങ്ങളെവിടെ മണ്ണില്‍ ?
വേദാന്ത മോതുന്ന തത്വശാസ്ത്രങ്ങളോ ,ദിവ്യ ..
സൂക്തങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭങ്ങളോ ,
വാചാടനം കൊണ്ടു ധര്‍മ്മം വിളമ്പുന്ന
ദേവാലയങ്ങളോ ,പുണ്ണ്യ ഗേഹങ്ങളോ ?
കര്‍മ്മങ്ങളില്‍ നിന്ന് കുതറിത്തെറിച്ചൊരെന്‍
സമുദായമോ ? ആര്‍ഷ
വേദങ്ങളില്‍ ഭരണ സിംഹാസനം കണ്ട
കപട സന്യാസമോ ?
നൊമ്പരം കണ്ടിട്ടു കണ്ണടക്കുന്നവര്‍ ,
ഗദ്ഗദം കേട്ടിട്ടു കാതടക്കുന്നവര്‍
ജന്മാന്ത്യ മോരു സ്വര്‍ഗ്ഗ ഗേഹം കൊതിച്ചുകൊ..
ണ്ടൊരുപാട് മന്ത്രങ്ങളു രുവിടുന്നോര്‍
എങ്കിലും ,ഞാനെന്റെ പിന്നാമ്പുറങ്ങളില്‍ കാണുന്നു
ഇരുളിന്റെ ഇടനാഴിയില്‍
പണ്ടൊരിടയന്റെ ജീവിതം!
കരുണാര്‍ദ്രമാം ദിവ്യ തത്വശാസ്ത്രത്തിന്റെ
ചലനങ്ങളാല്‍ സ്നേഹ വിപ്ലവം തീര്‍ത്തവന്‍
അന്യന്റെ പശിയറി ഞ്ഞുണ്ണാന്‍ പറഞ്ഞവന്‍
അപരന്റെ ഇഛ തന്നിച്ചയായ് കണ്ടവന്‍
ചങ്ങലക്കെട്ടറുത്തുലകിന്റെ ബന്ധനം
പൊയ് മുഖം മാറ്റി പുറത്തേക്കെടുത്തവന്‍ !
അവിടെയെന്നോര്‍മ്മകള്‍ വിശ്രമിക്കട്ടെ ,
അവിടെയി സാന്ത്വനം തങ്ങി നില്‍ക്കട്ടെ !
ഫണമെടുത്താടുന്ന പുതിയ ദൈവങ്ങളെ
തുടലറുത്തെരിയട്ടെ ദൂരെ ദൂരേ !
(ഉസ്മാന്‍ പാണ്ടിക്കാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ