പേജുകള്‍‌

2018, ജനുവരി 18, വ്യാഴാഴ്‌ച

മാറാതെ

ഞാൻ മനുഷ്യനജയ്യൻ ഉലകിൽ 
ദ്വിഗ്ഗിജയത്തിനിറങ്ങി 
ഗുഹാമുഖങ്ങളിൽ നിന്ന് പെറുക്കിയ 
ശിലകളിൽ നിന്ന് തുടങ്ങി
 
കറുത്ത മണ്ണിൽ തീപ്പൊരിയൂതി 
ഉരുക്ക് കണ്ടതിൽ പിന്നെ 
കരുത്തു നേടി ലോഹക്കൂട്ടുകൾ 
പരത്തി ,ഉലകിനു മീതെ 

യന്ത്രപ്പല്ലുകൾ വ്യവസായത്തിൻ 
പുതിയ യുഗങ്ങൾ തുറന്നു 
അടിമകൾ ഉടമകൾ എന്നീ വർഗ്ഗ 
വിഭാഗവു മഞ്ഞിനെ വന്നു 

അന്ന് തുടങ്ങി ചരിത്രത്തിൽ ചില 
മാറ്റത്തിന്റെ മിടിപ്പ്
എന്നാൽ എന്റെ മനസ്സിലാശാന്തത 
മുളപൊട്ടുന്നതു മന്ന് 

കരയും ,കടലും ,കാർമേഘങ്ങളു
മാവയിലെ ആവാസങ്ങൾ
കരണ്ടു കാലിന്നടിയിലെ മണ്ണും 
മണലും,മലയും,മേടും 

ഉടഞ്ഞ മണ്ണിനു മീതെ പുഴയുടെ 
കണ്ണീരിറ്റു കിനിഞ്ഞു 
ഇടഞ്ഞു നിന്നൊരു ഋതു, പഞ്ചാംഗ
പതിവുകൾ ഉഴുതുമറിച്ചു 

ഇടവപ്പാതികൾ അഗ്നി ചുരത്തി 
തിരുവാതിരകൾ വരണ്ടു 
കർക്കിടകങ്ങളിൽ മേട മിറങ്ങി 
കാർത്തിക ഭരണിയിലായി

കാടുകൾ ഓർമ്മകളായി,കാട്ടാൻ 
ക്യാൻവാസുകളിൽ കേറി 
കരുവാളിച്ച മനസ്സുകൾ തമ്മിൽ 
കരളുകൾ വെട്ടിമുറിച്ചു 

ആഗോളതയുടെ മേളപ്പൊലിമയിൽ 
തീഗോളങ്ങളുരുണ്ടു 
പൊലിഞ്ഞു മാനവ സംസ്കൃതി ഉലകിൽ 
എരിഞ്ഞൊടുങ്ങി ലോകം

ഗുഹയിൽ നിന്ന് വളർന്ന് മനുഷ്യൻ 
ചൊവ്വയിലേക്ക് പറന്നു
ഗഹനങ്ങളിലൂടങ്ങിനെ ശാസ്ത്രം 
കുതിച്ചു കുതറി ഉയർന്നു 

കല്ലുകൾ മാറി ആയുധമെങ്ങിനെ 
ന്യൂക്ലിയർ ബോംബുകളായി 
എന്നാൽ,കൊല്ലുക എന്ന മനസ്ഥിതി 
മാറിയിലെന്റെ മനസ്സിൽ 
...........ഉസ്മാൻപാണ്ടിക്കാട് 
.............0564283654  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ